ആറ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലൂടെ 411 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിന് സിബിഐ അടുത്തിടെ കേസെടുത്ത രാം ദേവ് ഇന്റര്‍നാഷണലിന്റെ മൂന്ന് പ്രൊമോട്ടര്‍മാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരാതിയുമായി സിബിഐയെ സമീപിക്കുന്നതിന് മുമ്ബ് തന്നെ രാജ്യം വിട്ടതായി അധികൃതര്‍ അറിയിച്ചു. പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബസുമതി അരി കയറ്റി അയച്ചിരുന്ന കമ്ബനിക്കും കമ്ബനിയുടെ ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത എന്നിവര്‍ക്കും എതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) യുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അടുത്തിടെ കേസെടുത്തിരുന്നു. 173 കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

കമ്ബനിക്ക് മൂന്ന് റൈസ് മില്ലിംഗ് പ്ലാന്റുകളുണ്ടായിരുന്നു. കര്‍നാല്‍ ജില്ലയില്‍ എട്ട് സോര്‍ട്ടിംഗ്, ഗ്രേഡിംഗ് യൂണിറ്റുകള്‍ക്ക് പുറമെ വ്യാപാര ആവശ്യങ്ങള്‍ക്കായി സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ടെന്ന് എസ്ബിഐ പരാതിയില്‍ പറയുന്നു. എസ്‌ബി‌ഐക്ക് പുറമെ കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐ‌ഡി‌ബി‌ഐ, സെന്‍‌ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് അംഗങ്ങള്‍.

കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്തെ ലോക്ക്ഡൗണ്‍ കാരണം കേന്ദ്ര ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. പ്രതികളെ വിളിച്ചുവരുത്തി നടപടികള്‍ ഏജന്‍സി ഉടന്‍ ആരംഭിക്കുമെന്നും അവര്‍ അന്വേഷണത്തില്‍ പങ്കുചേരാത്ത പക്ഷം ഉചിതമായ നിയമനടപടികള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി. എസ്‌ബി‌ഐയില്‍ സമര്‍പ്പിച്ച പരാതി പ്രകാരം, 2016 ജനുവരി 27 ന് അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എന്‍‌പി‌എ) മാറിയിരുന്നു.

അന്വേഷണത്തില്‍, വായ്പ എടുത്തവര്‍ ഒളിച്ചോടിയതായും രാജ്യം വിട്ടതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2020 ഫെബ്രുവരി 25 നാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ആസ്തി, നിക്ഷേപം, ശാഖകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ എന്നിവരുടെ കാര്യത്തില്‍ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബി‌ഐ. രാജ്യത്തെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് വായ്പ നല്‍കുന്ന ബാങ്ക് കൂടിയാണിത്.