ന്യൂഡല്‍ഹി: അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിക്ക് ശ്വസനത്തിന് സഹായിക്കുന്ന ട്യൂബ് ഘടിപ്പിച്ച് (ഇന്‍ട്യുബേഷന്‍) ജീവന് രക്ഷിക്കാന്‍ സ്വന്തം സുരക്ഷാ കിറ്റ് അഴിച്ചുമാറ്റി ഡോക്ടര്‍. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) റെസിഡന്റ് ഡോക്ടറായ സാഹിദ് അബ്ദുല്‍ മജീദ് ആണ് അതിസാഹസത്തിന് തയാറായത്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന് 14 ദിവസത്തെ ക്വാറന്റീന് നിര്‍ദേശിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കോവിഡ് ബാധിതനേയും കൊണ്ടുവന്ന ആംബുലന്‍സിലായിരുന്നു സംഭവം. ഡോക്ടര്‍ ആംബുലന്‍സില്‍ എത്തിയപ്പോള്‍ കാണുന്നത് കൃത്രിമമായി ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന ട്യൂബ് വിച്ഛേദിക്കപ്പെട്ടതിനാല്‍ രോഗബാധിതന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതാണ്.
ഞാന്‍ ഉടന്‍ തന്നെ രോഗിക്ക് വീണ്ടും ട്യൂബ് ഘടിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആംബുലന്‍സിനുള്ളില്‍ നിന്ന് സുരക്ഷാ കിറ്റിെന്റ ഗോഗിളിനുള്ളിലൂടെ ശരിയാംവിധം കാണാന്‍ സാധിച്ചില്ല. ഏതു തരത്തിലുള്ള വൈകലും രോഗിയുടെ മരണത്തിനിടയാക്കുമെന്നതിനാല് ഫേസ് ഷീല്‍ഡും ഗോഗിളും അഴിച്ചുമാറ്റാന്‍ തീരുമാനിച്ചു.” -ഡോക്ടര്‍ പറഞ്ഞു.
നോമ്ബ് തുറക്കാന്‍ പോലും കാത്തുനില്‍ക്കാതെ കോവിഡ് ബാധിതനെ ഐ.സി.യുവിലേക്ക് മാറ്റാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് തന്നെ ഡോക്ടര്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്ന് എയിംസ് റെസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി. ശ്രീനിവാസ് രാജ്കുമാര് പറഞ്ഞു.
സ്വന്തം ജീവന് പോലും അപകടത്തിലാക്കിക്കൊണ്ടാണ് ഡോക്ടര്‍ കോവിഡ് ബാധിതനെ ഇന്‍ട്യുബേറ്റ് ചെയ്തത്. കോവിഡ്19ല്‍ നമുക്കൊരു പൊതുശത്രുവുണ്ട്. നമ്മള് നമുക്കിടയിലല്ല പോരാടേണ്ടതെന്നും ആ ശത്രുവിനെതിരായാണ് ഒന്നിക്കേണ്ടതെന്നും ഈ രാജ്യം മനസ്സിലാക്കണ്ടതുണ്ട്. രോഗികളോടും ഒപ്പംജോലി ചെയ്യുന്നവരോടും ആരോഗ്യ പ്രവര്‍ത്തകരോടും നമുക്ക് ചുറ്റും ജീവിക്കുന്നവരോടുമെല്ലാം സഹാനുഭൂതി ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.