ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗതത്തില്‍ ഇളവു വരുത്തിയ ദുബായില്‍ ട്രാം ഓടിതുടങ്ങി. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 10 നും രാത്രി 11 നും ഇടയില്‍ പ്രവര്‍ത്തിക്കും. ദുബായ് ഫെറി, വാട്ടര്‍ ടാക്സി, അബ്ര എന്നിവയും ഗതാഗതം പുനരാരംഭിച്ചു. കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദുബായില്‍ പൊതുഇടങ്ങളിലെ പാര്‍ക്കുകള്‍ നിബന്ധനകളോടെ വ്യാഴാഴ്ച തുറക്കും. അഞ്ചില്‍ താഴെ ആളുകള്‍ മാത്രമേ കൂട്ടംകൂടി ഇരിക്കാന്‍ പാടുള്ളൂ. വ്യായാമത്തിനും മറ്റ് പരിശീലന കാര്യങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ഒരേ സമയം അഞ്ചു പേരെ അനുവദിക്കും. സൈക്ലിങ്ങ്, വാട്ടര്‍ സ്‌പോര്‍ട്സ്, സ്‌കൈ ഡൈവിങ്ങ് എന്നിവയ്ക്കും ഇതേ ഉപാധി ബാധകമാണ്.

മാളുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി വാങ്ങുന്നതിനും വസ്ത്രം പാകമാണോയെന്ന് ധരിച്ചു നോക്കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ ഇതിനൊന്നും അനുമതി ഉണ്ടായിരുന്നില്ല. കര്‍ശന സുരക്ഷാ മുന്‍കരുതല്‍ എടുത്ത ശേഷമേ ഉപഭോക്താക്കള്‍ക്ക് കടയുടമകള്‍ ഇതിന് അനുമതി നല്‍കാന്‍ പാടുള്ളൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.