പനാജി:- സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് ഗോവയില്‍ സ്റ്റോപ് വേണ്ടെന്ന് റെയില്‍വേയോട്

ആവശ്യപ്പെട്ട് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഒരു മാസത്തിലേറെയായുള്ള ഇടവേളക്ക് ശേഷം ഗോവയില്‍ കൊവി‌ഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഈ ആവശ്യം.

‘ഇന്ന് ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിനിന് മഡ്ഗാവോനില്‍ സ്റ്റോപുണ്ട്. ഇവിടെ ഇറങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരാരും ഗോവന്‍ സ്വദേശികളല്ല. അതിനാലാണ് സ്റ്റേഷനില്‍ വണ്ടി നിര്‍ത്തരുതെന്ന് ആവശ്യപ്പെടുന്നത്.’ സാവന്ത് പറഞ്ഞു. എന്നാല്‍ കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ സ്റ്റോപ് വേണ്ടെന്ന് വച്ചിട്ടില്ല. സ്പെഷ്യല്‍ ട്രെയിനിലായാലും വിമാനത്തിലായാലും വരുന്നവര്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. പക്ഷെ അതിനുള്ള സൗകര്യം അവര്‍ തനിയെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മോര്‍മുഗാവോ തുറമുഖത്ത് കപ്പലില്‍ വന്നിറങ്ങുന്നവര്‍ക്കും ഇത് ബാധകമാണെന്ന് ഗോവന്‍ മുഖ്യമന്ത്രി അറിയിച്ചു.