തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂര്‍. കോവിഡ് കാലത്ത് ആരോഗ്യമന്ത്രി സര്വവ്യാപിയായിരുന്നുവെന്നും ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും ശശിതരൂര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയനില്‍ വന്ന ശൈലജയെക്കുറിച്ചുള്ള ലേഖനം പങ്കുവച്ചാണ് ശശിതരൂര്‍ ആരോഗ്യമന്ത്രിയെ പ്രശംസിച്ചത്.
കേരളത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനെടുത്ത മുന്‍കരുതലുകള്‍ക്കും ധീരതയ്ക്കുമാണ് മന്ത്രിയെ ദി ഗാര്ഡിയന് പ്രശംസിച്ചത്. കേരളത്തേക്കാള്‍ ഉയര്‍ന്ന ആളോഹരി-ആഭ്യന്തര ഉല്പാദനമുള്ള അമേരിക്കയിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് പതിനായിരങ്ങള്‍ മരിച്ചപ്പോള്‍ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ നാലുപേര്‍ മാത്രമാണ് രോഗം ബാധിച്ച് മരിച്ചത്. ഇത് ആരോഗ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിന്റേയും ആസൂത്രണത്തിന്റേയും ഫലമാണെന്ന് ലേഖനത്തില്‍ പറയുന്നു.
2018ലെ നിപ്പ കാലത്തും ധീരമായ പ്രവര്‍ത്തനം കാഴ്ചവച്ച മന്ത്രിയുടെ കീഴില്‍ കേരളത്തിന്റെ ആരോഗ്യരംഗം ഭദ്രമാണെന്നും ദി ഗാര്ഡിയന് ലേഖനത്തില്‍ പറയുന്നു. റോക്ക്സ്റ്റാര്‍ എന്നാണ് മന്ത്രിയെ പത്രം വിശേഷിപ്പിച്ചിരിക്കുന്നത്.