കാസര്‍ഗോഡ്: മുംബൈയില്‍ നിന്നെത്തിയ ബന്ധുവുമായുള്ള സമ്ബര്‍ക്കം മറച്ചുവച്ച് സാമൂഹിക ഇടപെടലുകള്‍ നടത്തിയതിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ജില്ലയിലെ സിപിഎം പ്രാദേശിക നേതാവിനെതിരേ കേസെടുത്തു. പൈവളിഗെ സ്വദേശിയായ നേതാവിനെതിരേ മഞ്ചേശ്വരം പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഒരു ആരോഗ്യപ്രവര്ത്തകന് ഇതിനകം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നിയമലംഘനം നടത്തി മുംബൈയില്‍നിന്നെത്തിയ ബന്ധുവിനെ വീട്ടിലെത്തിക്കുകയും ഇക്കാര്യം മറച്ചുവച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാന്‍സര്‍ രോഗികളും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്ത സിപിഎം നേതാവിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവും അറിയിച്ചിരുന്നു. മുംബൈയില്‍നിന്നെത്തിയ ബന്ധുവില്‍നിന്നു രോഗം പകര്‍ന്ന സിപിഎം നേതാവും പൈവളിഗെ പഞ്ചായത്ത് അംഗമായ ഭാര്യയും രണ്ടു മക്കളും ഇപ്പോള്‍ ചികിത്സയിലാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തകന് രോഗം ബാധിച്ചതും ഇദ്ദേഹത്തില്നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
ഈമാസം നാലിന് മുംബൈയില്‍നിന്ന് ചരക്കുലോറി കയറി തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയിലെത്തിയ ബന്ധുവിനെ സിപിഎം നേതാവ് കാറുമായി ചെന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. യാത്രാ പാസ് പോലുമില്ലാതെയാണ് ബന്ധു അതിര്‍ത്തി കടന്നെത്തിയതെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിശോധനകളൊന്നുമില്ലാതെ നേരിട്ട് പൈവെളിഗെയിലെ വീട്ടിലെത്തിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം സിപിഎം നേതാവ് ഒരു കാന്‍സര്‍ രോഗിയെ ഇതേ കാറില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാന്‍സര്‍ വാര്‍ഡിലും ലാബിലും എക്സ് റേ വിഭാഗത്തിലും പലവട്ടം കയറിയിറങ്ങുകയും ചെയ്തു. മുംബൈയില്‍നിന്നെത്തിയ ബന്ധുവിന് കഴിഞ്ഞ 11 നും നേതാവിനും മറ്റുള്ളവര്‍ക്കും 14 നുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറും ഓങ്കോളജിസ്റ്റും സ്റ്റാഫ് നഴ്സും റേഡിയോളജി വിഭാഗത്തിലെ ആറു ജീവനക്കാരും ഇപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗികളുള്‍പ്പെടെയുള്ളവരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. പഞ്ചായത്ത് അംഗമായ ഭാര്യയും വിവിധ സ്ഥലങ്ങളില്‍ നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ഉള്‍പ്പെടെ പഞ്ചായത്തിലെ മറ്റ് അംഗങ്ങളും ക്വാറന്റൈനിലായിരിക്കുകയാണ്. നാട്ടില്‍ വിവിധ ചടങ്ങുകളിലും മരണവീടുകളിലും ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.