ന്യൂഡല്‍ഹി: ലോക്ഡൗണ്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് പൊതുഗതാഗതം പുന:രാരംഭിച്ച്‌ ഹരിയാന. ഇതോടെ ലോക്ഡൗണില്‍ പൊതുഗതാഗതം പുന:രാരംഭിക്കുന്ന ആദ്യ സംസ്ഥാനമായി ഹരിയാന. സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകളാണ് വെള്ളിയാഴ്ചയോടെ ഹരിയാന പുന:രാരംഭിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായാണ് ഹരിയാന ബസ് സര്‍വീസ് പുനസ്ഥാപിച്ചത്. ലോക്ഡൗണില്‍ കുടുങ്ങിയ മറ്റ് സംസ്ഥാനക്കാരായ നിരവധി പേരെ തങ്ങള്‍ ഇവിടെ നിന്നും മടക്കി അയച്ചു. എന്നാല്‍ സംസ്ഥാനത്തുള്ള ജനങ്ങളില്‍ നിരവധി പേര്‍ പല ജില്ലകളിലായ കുടുങ്ങിക്കിടക്കുകയാണ്. അതിനാലാണ് അന്തര്‍ ജില്ലാ ബസ് സര്‍വീസ് പുന:രാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഹരിയാന പോലീസ് മേധാവി മനോജ് യാദവ് വ്യക്തമാക്കി.

അന്തര്‍ ജില്ല ബസ് സര്‍വീസുകള്‍ക്ക് അവയുടെ ലക്ഷ്യസ്ഥാനത്ത് മാത്രമേ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളു. ടിക്കറ്റുകളില്‍ ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാനാകും. 29 റൂട്ടികളിലേയ്ക്കാണ് ബസ് സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഹരിയാന പുന:രാരംഭിച്ചത്. എന്നാല്‍ ഒന്‍പത് ഇടങ്ങളിലേക്ക് ബുക്കിങ്ങ് ഇല്ലാത്തതിനാല്‍ സര്‍വീസ് റദ്ദാക്കി.