ടെല്‍ അവീവ്: ഇസ്രയേലിലെ ചൈനീസ് അംബാസിഡര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍. 58 കാരനായ ഡു വി ആണ് മരിച്ചത്. ടെല്‍ അവിവിലെ വസതിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫെബ്രുവരിയിലാണ് ഇദ്ദേഹം ഇസ്രയേലില്‍ ചൈനീസ് അംബാസിഡറായി നിയമിക്കപ്പെടുന്നത്. നേരത്തെ ഇദ്ദേഹം ഉക്രൈനിലെ ചൈനീസ് വക്താവ് സ്ഥാനം വഹിച്ചിരുന്നു. മരണത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ ചൈനയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഇസ്രയേലിലെ ചൈനീസ് എംബസി പ്രതികരിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന ലോകത്ത് നിന്ന് മറച്ചു വെച്ചുവെന്ന പരാമര്‍ശം അസംബന്ധമാണെന്നായിരുന്നു ചൈനീസ് എംബസി പ്രതികരിച്ചത്.