തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ച പത്താംക്ലാസ്, +2 പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഷോപ്പിംഗ് കോപ്ലക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണമെന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് അവയുടെ അനുമതിയോടെ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഹെയര്‍ കട്ടിംഗ് ഷേവിംഗ് ജോലികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം. ഒരു സമയം ഒന്നിലധികം പേര്‍ അവിടെ കാത്തു നില്‍ക്കാന്‍ പാടില്ല.