ബംഗളൂരു: കര്‍ണാടകയില്‍ തിങ്കളാഴ്ച മാത്രം 99 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1246 ആയി ഉയര്‍ന്നു. 99 പേരില്‍ 64 പേരും മഹാരാഷ്​​ട്രയിലെ മുബൈ, പുനൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വന്നവരാണ്. ബംഗളൂരു നഗരത്തില്‍ മാത്രം തിങ്കളാഴ്ച 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറില്‍ ഇത്രയധികം പോസിറ്റീവ് കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ആദ്യമാണ്. ഇതുവരെ 37േപരാണ് മരിച്ചത്.

രോഗ വ്യാപനത്തിനിടയിലും കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകള്‍ അതുപോലെ നടപ്പാക്കുകയാണ് കര്‍ണാടക. സംസ്ഥാനത്തിനകത്ത് ബസ്, ട്രെയിന്‍, ഒാട്ടോ, ടാക്സി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. മേയ് പത്തിനും 17നും ഇടയില്‍ മാത്രം സംസ്ഥാനത്ത് 442 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയും മഹാരാഷ്​​ട്ര, ഗുജറാത്ത്, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടകയിലെത്തിയവരാണ്.

പാസ് ലഭിച്ച്‌ കര്‍ണാടകയിലേക്ക് വരുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍, 80 വയസിന മുകളിലുള്ളവര്‍, അര്‍ബുദ രോഗികള്‍ തുടങ്ങിയവര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാം