തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചതോടെ ആരോഗ്യ-ഭരണ സംവിധാനം കടുത്ത സമ്മര്‍ദത്തിലായി. വിദേശത്തും ഇതരസംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് ആരംഭിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം ഇടവേളക്ക് ശേഷം ഒറ്റയക്കത്തില്നിന്ന് ഇരട്ടയക്കത്തിലേക്ക് കുതിക്കുന്നത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ഉറപ്പായതോടെ വൈറസ് ബാധയുടെ മൂന്നാംഘട്ടം കേരളത്തിന് പരീക്ഷണകാലം കൂടിയായി മാറുകയാണ്.
തുടര്‍ച്ചയായ 60 ദിവസമായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മുതല്‍ ഏറ്റവും താഴെതട്ടിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ വരെയുള്ളവര്‍ പ്രതിരോധപ്രവര്‍ത്തനത്തിലാണ്. ഇവര്‍ക്കൊപ്പം സാമൂഹികഅകലം പാലിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് സേനയും പങ്കുവഹിച്ചു. മേയ് ഒന്ന് മുതല്‍ 13 വരെ തുടര്‍ച്ചയായി വൈറസ് ബാധിതരുടെ എണ്ണം ഒറ്റയക്കത്തിലായിരുന്നു. ഇതില്‍ അഞ്ച് ദിവസം രോഗബാധ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തുമില്ല. മേയ് 13ന് 10 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം സമ്ബര്ക്കബാധിതരുടെ ഉള്‍പ്പെടെ എണ്ണം ക്രമമായി ഉയരുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം കുറഞ്ഞു.
സമ്ബദ്വ്യവസ്ഥയുടെ നിലനില്പിനായി വിപണികള്‍ തുറന്നതോടെയും ഗതാഗതസംവിധാനം നിയന്ത്രണത്തോടെ അനുവദിച്ചതോടെയും സാമൂഹികഅകലമെന്ന മുന്നറിയിപ്പ് പോലും ലംഘിക്കപ്പെടുകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത തൊഴില്‍ദിനങ്ങള്‍ ആരോഗ്യമേഖലയുടെ നിലനില്പിനെ ബാധിച്ചേക്കാമെന്ന് സര്‍ക്കാര്‍ ആശങ്കയിലാണ്. മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധി ഭീഷണി കൂടി നിലനില്െക്ക ഭാവിദിനങ്ങള്‍ കടുത്ത വെല്ലുവിളിയാവുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്കുന്നു. ജീവഭയം മാത്രം കൈമുതലായി സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടക്കാന്‍ സംസ്ഥാനത്തിനും കഴിയില്ല. സമയബന്ധിത തിരിച്ചുവരവിനെക്കുറിച്ച് പറയാന്‍ പ്രതിപക്ഷപേടിയില് ഭരണ നേതൃത്വത്തിന് കഴിയില്ല.