ചെന്നൈ: കൊവിഡ് 19 പശ്ചാത്തലത്തില്‍ രണ്ട് മണിപ്പൂരി സ്ത്രീകള്‍ക്കെതിരായി വംശീയ അധിക്ഷേപം നടത്തിയതിന് ആംബുലന്‍സ് ഡ്രൈവറെ തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. എം.വിഘ്‌നേഷ് (27) ആണ് യുവതികളെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചൈനയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തത്.

കോയമ്ബത്തൂരിലും തമിഴ്‌നാട്ടിലും കൊവിഡ് വൈറസ് പടര്‍ത്തുന്നതിനു പകരം ചൈനയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരി സ്വദേശിയായ ജെന്നി ഹൊഹ്‌വാന്‍കിയം (19) തന്നെയും തന്റെ സുഹൃത്തിനെയും തടഞ്ഞുവെന്നും ഉപദ്രവിച്ചുവെന്നുംകാട്ടി പൊലീസിന് പരാതി നല്‍കിയിരുന്നു. ജെന്നിയും സുഹൃത്തും കഴിഞ്ഞ അഞ്ച് മാസമായി കോയമ്ബത്തൂരിലെ സുപ്രീം ഹെല്‍ത്ത് കെയറില്‍ ജോലി ചെയ്യുകയാണ്.

ഞായറാഴ്ച വൈകിട്ട് നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് സംഭവം. സ്പീഡ് ആംബുലന്‍സ് ഓഫീസിന് സമീപം എത്തിയപ്പോള്‍, ‘ഗോ കൊറോണ’ എന്ന് പറഞ്ഞ് സ്ത്രീകളെ അപമാനിക്കുകയായിരുന്നു. ‘ഹലോ സഹോദരിമാര്‍’ എന്ന് പറഞ്ഞ് വിഘ്‌നേഷ് അവരെ സമീപിക്കുകയും ചൈനയിലേക്ക് പോകുന്നതിനുപകരം എന്തിനാണ് അവിടെ കിടക്കുന്നതെന്ന് സ്ത്രീകളോട് ചോദിച്ചു.

തങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളവരാണെന്ന് യുവതികള്‍ പറഞ്ഞെങ്കിലും ശ്രദ്ധിക്കാതെ അധിക്ഷേപം തുടര്‍ന്നു. ദൃശ്യങ്ങള്‍ സെല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തി ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ജെന്നി സെയ്ബാബ കോളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിഘ്‌നേഷിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ തമിഴ്‌നാട് സിറ്റി പൊലീസ് ആക്‌ട്, തമിഴ്‌നാട് സ്ത്രീകളെ ഉപദ്രവിക്കല്‍ നിരോധനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.