തിരുവനന്തപുരം: ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റായ ചിത്ര മാഗ്നയ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. കോവിഡ്19 പിസിആര്‍, ലാംപ് പരിശോധനകള്‍ക്കായി മാഗ്‌നറ്റിക് ബീഡ് അടിസ്ഥാന ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റാണ് ഇത്. സ്രവങ്ങളില്‍നിന്ന് ആര്‍എന്‍എ വേര്‍തിരിക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്ന ചിത്ര മാഗ്‌ന.
വിപണിയില്‍ ലഭ്യമായ മറ്റു ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുമായി താരതമ്യം ചെയ്തു നടത്തിയ പരീക്ഷണങ്ങളില്‍ ഇതുവഴി ലഭിക്കുന്ന ആര്‍എന്‍എ കേന്ദ്രീകരണം 67 മടങ്ങ് കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പിച്ച കിറ്റുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതോടെ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കാനാകും. കിറ്റുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൊച്ചി ആസ്ഥാനമായ കമ്ബനിയുമായി കരാറായി. ഏതാനും ചില ഇന്ത്യന്‍ കമ്ബനികളെ മാറ്റിനിര്‍ത്തിയാല്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഭൂരിഭാഗം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയുടെ ലഭ്യതക്കുറവ് വന്‍തോതില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തുന്നതിന് തടസമാകുന്നുണ്ട്.
രോഗികളില്‍നിന്നുള്ള സ്രവം ശേഖരിച്ച് സൂക്ഷിക്കുമ്ബോഴും ലാബിലേക്ക് കൊണ്ടുപോകുമ്ബോഴും ചില വൈറസുകളുടെ ആര്‍എന്‍എ വിഘടിച്ചു പോകാറുണ്ട്. ഇങ്ങനെയുള്ള ആര്‍എന്‍എയും പിടിച്ചെടുക്കാന്‍ മാഗ്‌നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യയ്ക്ക് കഴിയും. ഇതു ചിത്ര മാഗ്‌നയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ചിത്ര ജീന്‍ലാംപ് എന്‍ വികസിപ്പിച്ചെടുത്ത ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ചിത്ര മാഗ്‌നയും വികസിപ്പിച്ചെടുത്തിരിക്കുന്നത്.