തിരുവനന്തപുരം : കൊവിഡിന് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബി.ബി.സിയില്‍ നടന്ന ചര്‍ച്ചയില്‍ താന്‍ നടത്തിയ പരാമര്‍ശം തെറ്റായി സംഭവിച്ചതാണെന്നും, പരാമര്‍ശം തിരുത്തുന്നുവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ മൂന്നുമരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു.
ഗോവയ്ക്കെതിരായ പരാമര്‍ശത്തിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്ത് വന്നിരുന്നു. ബി.ബി.സി ചര്‍ച്ചയ്ക്കിടെ അവതാരക കേരളത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് മന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലായിരുന്നു മന്ത്രിയുടെ ഗോവ പരാമര്‍ശം. കേരളത്തില്‍ ഇതുവരെ നാല് പേര് കൊവിഡ് ബാധിച്ച് മരിച്ചു. അതിലൊരാള്‍ ഗോവയില്‍ നിന്നും ചികിത്സ തേടി എത്തിയതാണ്. ഗോവയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇയാള്‍ കേരളത്തിലെത്തിയത് എന്ന് മന്ത്രി മറുപടി നല്കി.
ഈ പരാമര്‍ശം അമ്ബരപ്പുണ്ടാക്കിയെന്ന് പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചു. ഇത് തെറ്റായ പ്രസ്താവനയാണ്. ഗോവയില്‍ കൊവിഡ് ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിന്റെ പേരില്‍ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രി തെറ്റ് തിരുത്തി വിശദീകരണം നല്‍കിയത്.