തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്തും പരീക്ഷ എഴുതാമെന്ന് സര്‍ക്കാര്‍. ഇതോടെ നിലവില്‍ പഠിക്കുന്ന ജില്ലയ്ക്ക് പുറത്ത് കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെനിന്ന് തന്നെ പരീക്ഷ എഴുതാന്‍ സാധിക്കും. എന്നാല്‍ ജില്ലകള്‍ക്കകത്ത് മാറ്റം അനുവദിക്കില്ല.
പരീക്ഷാ കേന്ദ്രം മാറ്റാനായി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. sslcexam.kerala.gov.in, hscap.kerala.gov.in,എന്നീ വെബ്സൈറ്റുകളിലൂടെയാണ് അപേക്ഷിക്കേണ്ടത്. 23ന് പരീക്ഷാ കേന്ദ്രം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്ലസ് ടു, വി.എച്ച്.എസ്‍.സി കുട്ടികള്‍ അവരുടെ സബ്‍ജക്‌ട് കോംബിനേഷന്‍ ഉള്ള സ്കൂളില്‍ മാത്രമേ അപേക്ഷിക്കാവു.
മേയ് 26 നാണ് എസ്‌എസ്‍എല്‍സി പ്ലസ് ടു പരീക്ഷള്‍ ആരംഭിക്കുന്നത്. ഈ മാസം 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 26 മുതല്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം. എന്നാല്‍ പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും മുഖ്യമന്ത്രി തള്ളിയിരുന്നു.