ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനാവും. എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യയുടെ നോമിനിയെ നിയമിക്കാനുള്ള നിര്‍ദേശത്തില്‍ 194 രാജ്യങ്ങളുള്ള ലോകാരോഗ്യ അസംബ്ലി ഇന്ന് ഒപ്പുവെച്ചു. അടുത്ത മെയ് 22നാണ് ഹര്‍ഷ് വര്‍ധന്‍ ഔദ്യോഗികമായി ചുമതയേല്‍ക്കുക. ജപ്പാനിലെ ഡോ. ഹിരോക്കി നകതാനിയാണ് നിലവില്‍ 34 അംഗ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍.

ലോകാരോഗ്യ സംഘടനയുടെ തെക്ക്കിഴക്കന്‍ ഏഷ്യ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം തന്നെ ഹര്‍ഷ് വര്‍ധനെ തങ്ങളുടെ നോമിനിയായി ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. മെയ് 22 ന് നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ വര്‍ധനെ ഔപചാരികമായി തിരഞ്ഞെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യന്‍ ഗ്രൂപ്പില്‍ ഒരു രാജ്യം ഒരു വര്‍ഷമെന്ന നിലയില്‍ ചെയര്‍മാന്‍ സ്ഥാനം റോട്ടേഷനായാണ് നല്‍കുക. ഒരു വര്‍ഷമായിരിക്കും ഹര്‍ഷ് വര്‍ധന്റെ നിയമം. ചെയര്‍മാന്‍ സ്ഥാനം മുഴുവന്‍ സമയജോലിയല്ല. എക്‌സിക്യൂട്ടിവ് ബോര്‍ഡ് മീറ്റിങ്ങില്‍ അധ്യക്ഷനാവുകമാത്രമേ ആവശ്യമുള്ളൂ.

ആരോഗ്യമേഖലയില്‍ മികവുള്ള 34 സാങ്കേതിക വിദഗ്ധരാണ് എക്‌സിക്യൂട്ടിവ് ബോര്‍ഡില്‍ ഉള്ളത്. മൂന്നു വര്‍ഷമാണ് ഒരു അംഗത്തിന്റെ കാലാവധി. വര്‍ഷത്തില്‍ രണ്ട് തവണ യോഗം നടക്കും. ആദ്യ യോഗം ജനുവരിയിലാണ് പതിവ്. അടുത്ത യോഗം മെയ് മാസവും നടക്കും.

ലോകാരോഗ്യസംഘടനയുടെ ഹെല്‍ത്ത് അംബ്ലിയുടെ നയപരിപാടികള്‍ തീരുമാനിക്കുകയെന്നതാണ് എക്‌സിക്യൂട്ടിവ് ബോര്‍ഡിന്റെ ചുമതല.