പത്തനംതിട്ട: പത്തനംതിട്ടയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന് വനംവകുപ്പ്. എന്തായാലും കടുവയെ നിരീക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥിരമായി ക്യാമറ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് വനംവകുപ്പ്. കടുവയെ പിടികൂടാന്‍ വയനാട്ടില്‍ നിന്നെത്തിയ സംഘം മടങ്ങി.
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കടുവക്കായി എസ്റ്റേറ്റുകളിലും വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളിലും അരിച്ച് പെറുക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കടുവയെ കണ്ടത് മെയ് 14 ന്. 7 ദിവസമായി കാണാത്ത സാഹചര്യത്തില്‍ കടുവ തിരികെ വനത്തിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.
കുങ്കി ആനയുടെ പാപ്പാന് ആനപുറത്ത് നിന്ന് വീണ് പരിക്കേറ്റിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് കുങ്കിആനയെ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇവിടെ പ്രയാസം നിറഞ്ഞതാണെന്നും അധികൃതര്‍ അറിയിച്ചു. തേക്കടിയില്‍ നിന്നുള്ള സംഘവും രണ്ട് ഡോക്ടര്‍മാരും വടശ്ശേരിക്കരയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം ജനങ്ങള്‍ ജാഗ്രത തുടരണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. വടശ്ശേരിക്കര റേഞ്ചിന് കീഴില്‍ 62 സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. കടുവയുടെ സാന്നിധ്യവും സ്വഭാവ രീതികളും കണ്ടെത്തുകയാണ് ലക്ഷ്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നാല്പതിനടുത്ത് കടുവകളുണ്ടെന്നാണ് കണക്ക്. ഇവയിലൊന്നാവും നാട്ടിലിറങ്ങിയത് എന്നാണ് നിഗമനം.