തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കാട്ടാക്കട കുറ്റിച്ചല്‍ ഭാഗത്തും നെടുമങ്ങാടും വെള്ളം കയറി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ‌ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത.

അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ഷട്ടര്‍ തുറന്നത് മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. കനത്ത മഴയില്‍ ആറ്റിങ്ങല്‍, കോരാണി, തോന്നയ്ക്കല്‍ ഭാഗങ്ങളില്‍ മരങ്ങള്‍ വീണു. കിള്ളിയാര്‍ കരകവിഞ്ഞൊഴുകി.

അതിനിടെ ആലപ്പുഴ തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കാന്‍ നടപടി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കാറ്റാടി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. കാറ്റാടി മരം മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കുറച്ച്‌ ഭാഗത്ത് കാറ്റാടി മരം മുറിക്കാതെ പൊഴിമുറിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തോട്ടപ്പള്ളിയില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.