റിയാദ് : സൗദിയില്‍ 13പേര്‍ കൂടി വെള്ളിയാഴ്ച കോവിഡ് ബാധിച്ച്‌ മരിച്ചു. മദീന, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ 31 നും 74 നും ഇടയില്‍ പ്രായമുള്ള ഒരു സ്വദേശി പൗരനും വിവിധ നാട്ടുകാരായ പ്രവാസികളുമാണ് മരിച്ചത്. 2642 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 364ഉം, രോഗം ബാധിച്ചവരുടെ എണ്ണം 67,719ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2963 പേര്‍ക്ക് രോഗം ഭേദമായി ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 67,719 ആയി ഉയര്‍ന്നു. നിലവില്‍ 28,352 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 302 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഒമാനില്‍ രണ്ടു പേര്‍ കൂടി വെള്ളിയാഴ്ച് കോവിഡ് ബാധിച്ച്‌ മരിച്ചു. 65ഉം 70ഉം വയസ്സുകളുള്ള രണ്ട് സ്വദേശികളാണ് മരിച്ചത്. 424 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 191സ്വദേശികളും 233 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 32ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6794ഉം ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 1821 ആയി ഉയര്‍ന്നു. പന്ത്രണ്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികളുള്‍പ്പെടെ 20 വിദേശികളുമാണ് ഇതുവരെ മരണപെട്ടത്.