ന്യൂഡല്‍ഹി: പൗരന്മാരുടെ ദുരിതങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ച് ദന്തഗോപുരങ്ങളില്‍ ഇരിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ ദുഷ്യന്ത് ദവെ. രാജ്യത്ത് അടിയന്തരാവസ്ഥ ഇല്ലാതിരുന്നിട്ടും മൗലികാവകാശങ്ങള്‍ നിര്ത്തിവെക്കാതിരുന്നിട്ടും കോടതികള്‍ മൗലികാവകാശം ഫലപ്രദമായി നടപ്പാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ദവെ വിമര്‍ശിച്ചു.
‘മഹാമാരി കാലത്തെ കോടതികളുടെ പങ്ക്’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ലോയേഴ്സ് യൂനിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ദുഷ്യന്ത് ദവെ. കോവിഡ് -19മായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗണില്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടുവെന്ന് ദവെ കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ സര്‍ക്കാര്‍ ഭാഷ്യം അപ്പടി സ്വീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. കുടിയേറ്റ തൊഴിലാളികള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുമ്ബോള്‍ തങ്ങള്‍ക്കെങ്ങനെ അത് നിര്‍ത്താനാകുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്.
സുപ്രീംകോടതി ജഡ്ജിമാരുടെ പേരക്കുട്ടി റോഡിലൂടെ നടക്കുകയും എതിര് ഭാഗത്ത് നിന്ന് ഒരു കാര്‍ കുതിച്ചുവരുകയും ചെയ്യുന്നത് കാണുമ്ബോള്‍ ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയില്ലേ എന്ന് ചോദിച്ച ദവെ, ഏതൊരു ഇന്ത്യന്‍ പൗരനും സുപ്രീംകോടതിയുടെ പേരക്കിടാവാണെന്ന് ഓര്‍മിപ്പിച്ചു. ഭരണഘടന പ്രതിജഞ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ജഡ്ജിമാരെ തടയുന്നത് എന്താണെന്ന് ദവെ ചോദിച്ചു. ഭരണകൂടത്തിെന്റ പ്രവൃത്തിയിലും പ്രവര്ത്തനരാഹിത്യത്തിലും ഇടപെടേണ്ട ബാധ്യത കോടതികള്‍ക്കുണ്ട്. സര്‍ക്കാറിെന്റ ദൈനംദിന വ്യവഹാരങ്ങളില്‍ ഇടപെടുക എന്ന് അതിനര്‍ഥമില്ല.
ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന് ഭരണകൂടത്തോട് ജഡ്ജിമാര്‍ പറയണം. നിങ്ങളുടെ നടപടി രാജ്യത്തെയും ദശലക്ഷക്കണക്കിന് ജനങ്ങളെയും വേദനിപ്പിക്കുന്നുണ്ടെന്നും അത് തങ്ങള്‍ അനുവദിക്കില്ലെന്നും അവരോട് പറയണം. ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ കോടതികള്‍ക്ക് ഈ മഹാമാരി വലിയൊരു അവസരമാണ് തന്നത്. ആ അവസരം കോടതികള്‍ നഷ്ടപ്പെടുത്തിയത് നിര്‍ഭാഗ്യകരമാണെന്നും ദവെ കൂട്ടിച്ചേര്‍ത്തു.