ന്യൂഡല്‍ഹി: രാജ്യത്തെ വിമാന, ട്രെയിന്‍ അന്തര്‍ സംസ്ഥാന ബസ് യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ചയും ട്രെയിന്‍ സര്‍വീസ് അടുത്ത മാസം ഒന്ന് മുതലും തുടങ്ങാനിരിക്കെയാണ് ഇത്.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. വിവിധ സംസ്ഥാനങ്ങളില്‍ എത്തുന്നവര്‍ പാലിക്കേണ്ട ക്വാറന്റീന് ഐസോലേഷന് പ്രോട്ടോക്കോളുകള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
സുരക്ഷാമാസ്കുകള് ധരിച്ചും, സാമൂഹിക അകലം പാലിച്ചും വേണം യാത്ര ചെയ്യേണ്ടതെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നുണ്ട്. യാത്രക്കാര്‍ മൊബൈല്‍ ഫോണുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. യാത്ര കഴിഞ്ഞാല്‍ രോഗ ലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണ്ടേതുണ്ട്.
രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതാണ്.