തിരുവനന്തപുരം: സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 95,394 പേരാണ് ഇപ്പോഴത്തെ കണക്കനുസരിച്ച് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 94,662 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 732 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1726 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 53,873 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിള്‍ ഉള്‍പ്പെടെ) സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 52,355 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്.
അതേസമയം സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും കൂടുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വരുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് കേരളം ലക്ഷ്യമിടുന്നത്. റിവേഴ്സ് ക്വാറന്റൈന് അടക്കം കൃത്യമായി പാലിക്കണം. ഏറ്റവും പ്രായോഗികം ഹോം ക്വാറന്റൈന് കൃത്യമായി നടത്തുക എന്നതാണ്. കേരളം പിന്തുടരുന്നത് ശ്രമകരമായ ദൗത്യമാണെന്നും അവര്‍ വ്യക്തമാക്കി.