മോസ്കോ: കൊറോണ വൈറസ് ബാധ മൂലം രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചതുമൂലം വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച നൂറിലേറെ കുഞ്ഞുങ്ങള്‍ ഉക്രൈനില്‍ കുടുങ്ങി. അസാധാരണമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഉക്രൈനിലെ വനിതകളുടെ മനുഷ്യാവകാശങ്ങള്‍ പരിശോധിക്കുന്ന സ്ഥാപനത്തിന്റെ അധ്യക്ഷ ല്യൂഡിമില ഡെനിസോവ അധികാരികളോട് അഭ്യര്‍ഥിച്ചു.
അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്,ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ ശിശുക്കളുടെ മാതാപിതാക്കള്‍. ‘അടച്ചുപൂട്ടല്‍’ നീണ്ടു നിന്നാല്‍ ഇവരുടെ എണ്ണം ആയിരക്കണക്കായി മാറും. ഉക്രൈനിലെ ഒട്ടേറെ ശിശു പരിചരണ കേന്ദ്രങ്ങളിലായി നൂറിലേറെ നവജാത ശിശുക്കള്‍ അവരുടെ അച്ഛനമ്മമാരെ കാത്ത് ഇപ്പോള്‍ തന്നെയുണ്ട്. അടച്ചുപൂട്ടല്‍ നടപടികള്‍ നീണ്ടു നിന്നാല്‍ ഇത് ആയിരങ്ങളായി വര്‍ദ്ധിക്കാനിടയുണ്ടെന്ന് ഡെനിസോവ പറഞ്ഞു.
വാടകയ്ക്ക് ഗര്‍ഭപാത്രങ്ങള്‍ കിട്ടുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കയാണ് ഉക്രൈന്.ഇതിനെ ഒരു വ്യവസായമായി പരിഗണിക്കുകയാണ് ഇവിടുത്തെ സര്‍ക്കാരും സമൂഹവും. ഒരു കേന്ദ്രത്തിന്റെ ഉടമയുടെ വകയായി കിവ് പട്ടണത്തിലുള്ള ഹോട്ടലില്‍ 51 ശിശുക്കളെ കിടത്തിയിരിക്കയാണ്. ഇതില്‍ 15 പേര്‍ക്ക് ഒപ്പം അച്ഛനമ്മമാരുണ്ട്. മററുള്ള കുഞ്ഞുങ്ങളെ കേന്ദ്രത്തിലെ ജീവനക്കാരാണ് പരിചരിക്കുന്നത്.