മഴ വന്നു പുഴയോടു ചൊല്ലി
തിരികെ ഞാൻ നിന്നിലേക്ക് എത്തി
നിന്നിലെ പുളിനങ്ങളിൽ അലിയാൻ
നിന്നിലെ നീ ആയി മാറാൻ..
പുതുമഴയായി ഞാൻ മണ്ണിന്റെ
ആഴങ്ങളിൽ ആഴ്ന്നിറങ്ങി
കുളിരുള്ള തണുപ്പായ് തഴുകി
മണൽ തരികളെ പുളകിതരാക്കി
വേനൽ ചൂടിൽ കരിയും ചെടികൾക്ക്
കുളിരു പകർന്നൊരു പച്ചപ്പായ് ഭൂമിക്ക്
വറുതിയിൽ തുള്ളി വെള്ളത്തിനായ്
പറക്കും കിളികൾക്ക് ദാഹനീരായി
ഭൂമിക്ക് അരഞ്ഞാണമാകാൻ കൊതിക്കും
അരുവിക്ക് ഉറവ നീരായി…
എന്നിലലിഞ്ഞു രസിക്കാൻ കൊതിക്കും
കിടാത്തിക്ക് തുള്ളിത്തുളുമ്പുന്ന സന്തോഷമായി..
കടലാസ്സു വഞ്ചികൾ തുഴയാൻ കാക്കും
കിടാങ്ങൾക്ക് മുറ്റത്തു പുളിനമായ് മാറി..
എത്തി ഞാൻ വീണ്ടും നിന്നിൽ ലയിക്കുവാൻ
നിന്റേതു മാത്രമായ് മാറാൻ.