മുംബൈ: കോവിഡ് ബാധിച്ചു ചികിത്സ കിട്ടാതെ മരിച്ച മലയാളിയുടെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂര്‍. മുംബൈയിലെ വീട്ടില്‍ മരിച്ച മല്ലപ്പള്ളി പാടിമണ്‍ കുറിച്ചിയില്‍ ഈന്തനോലിക്കല്‍ മത്തായി വര്‍ഗീസിന്റെ മൃതദേഹം അധികൃതര്‍ ഏറ്റെടുക്കാതിരുന്നതിനാലാണ് ഭാര്യ ഏലിയാമ്മയ്ക്ക് രാവിലെ മുതല്‍ സഹായാഭ്യര്‍ഥന നടത്തി കാത്തിരിക്കേണ്ടി വന്നത്.

മത്തായി തിങ്കളാഴ്ച രാവിലെ 9 ന് മരിച്ചെങ്കിലും സഹായത്തിനു വിളിച്ചവരെല്ലാം രോഗം ഭയന്ന് മാറിനില്ക്കുകയായിരുന്നു. പിന്നീട് മലയാളി സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി സംസ്‌കാരം നടത്തി. ഇവര്‍ക്ക് മക്കളില്ല.
പവയ് റിനൈസന്‍സ് ഹോട്ടലില്‍ എക്‌സിക്യുട്ടിവ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന മത്തായി അലര്‍ജിയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് പരിശോധന നടത്തിയിരുന്നു. 3 ദിവസം കഴിഞ്ഞു പനി തുടങ്ങിയപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് സാംപിള്‍ നല്കി.

ഇതിനിടെ, കടുത്ത ശ്വാസതടസ്സം തുടങ്ങി. അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ഞായറാഴ്ച എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമാണെന്നു പറഞ്ഞ് വീട്ടിലേക്ക് മടക്കിയയച്ചു. ഇതേതുടര്‍ന്നാണ് മത്തായി ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്.