ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരിയില്‍ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി പെരുകുന്നു. തിങ്കളാഴ്ച 635 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,053 ആയി. 15 പേരാണ് തിങ്കളാഴ്ച മരിച്ചത്. ഔദ്യോഗിക കണക്കു പ്രകാരം മരണം 276. 500ലേറെ കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയര്‍ന്ന തോതിലാണ്. തിങ്കളാഴ്ച 231 പേര് രോഗമുക്തി നേടി. 6,771 പേരാണ് ഇതുവരെ രോഗം ഭേദമായവര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 70 ശതമാനത്തിനു മുകളിലും രോഗലക്ഷണം ഇല്ലാത്തവരാണ്. ഇവരെ വീടുകളില്‍തന്നെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. ഒന്നിലധികം രോഗലക്ഷണമുള്ളവരേയും മറ്റു ദേഹാസ്വാസ്ഥ്യം ഉള്ളവരേയും മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. ലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരന്നു.
ഡല്‍ഹി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 3,421 കോവിഡ് രോഗികളാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിലുള്ളവര്‍ 2053. കോവിഡ് കെയര്‍ സെന്ററുകളില്‍ 483 പേരും കോവിഡ് ഹെല്‍ത്ത് സെന്ററുകളില്‍ 116 പേരുമാണ് ചികിത്സയിലുള്ളത്.