ന്യൂഡല്‍ഹി | ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക മേധാവിമാര്‍ അടക്കമുള്ളവരുടെ ഉന്നതതല യോഗം വിളിച്ചു. മൂന്ന് സൈന്യത്തിന്റെയും മേധാവിമാര്‍ക്ക് പുറമെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത് തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തേ വിദേശ സെക്രട്ടറി അടക്കമുള്ളവരെ പങ്കെടുപ്പിച്ച് മറ്റൊരു യോഗവും പ്രധാനമന്ത്രി നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ യോഗത്തിന് മുമ്ബ് മൂന്ന് സൈനിക മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. സിക്കിമിലും ലഡാക്കിലും ചൈനീസ് സൈന്യവുമായി സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഈ യോഗങ്ങള്‍.
ലഡാക്കിന് സമീപം ചൈന വ്യോമത്താവളം വിപുലപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വ്യോമത്താവളത്തിലെ റണ്‍വേയില്‍ പോര്‍വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തത് ചിത്രങ്ങളില്‍ വ്യക്തമാണ്. പാംഗോംഗ് തടാകത്തിന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ടിബറ്റിലെ ങരി ഗുന്‍സ വിമാനത്താവളത്തിലാണ് തിരക്കിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിലുള്ളത്. ഇവിടെ ഈ മാസം ആദ്യം ചൈനീസ് സൈന്യവുമായി സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
ഗല്‍വാന്‍ മേഖലയില്‍ ഇന്ത്യ റോഡും പാലവും നിര്‍മിക്കുന്നത് സംബന്ധിച്ച് ചൈന അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. മെയ് അഞ്ചിനും ആറിനും 15- 20 അംഗങ്ങളടങ്ങുന്ന ഇന്ത്യന്‍ പട്രോളിംഗ് സംഘവും ചൈനീസ് സംഘവും കൈയാങ്കളിയില്‍ ഏര്‍പ്പെട്ടിരുന്നു.