ന്യൂഡല്‍ഹി: ലോക ശരാശരിയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് കുറവാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്തെ ജനസംഖ്യയുടെ ഒരു ലക്ഷം എടുക്കുമ്ബോള്‍ 0.3 ആണ് മരണനിരക്ക്. ഇത് ലോക ജനസംഖ്യയുടെ ഒരു ലക്ഷത്തില്‍ 4.4 ആണ്. ബെല്‍ജിയം പോലുള്ള രാജ്യങ്ങളില്‍ ലക്ഷം ജനസംഖ്യക്ക് 81.2 ആണ് മരണനിരക്കെന്നും മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

സമ്ബൂര്‍ണ ലോക്ഡൗണ്‍, സമയബന്ധിതമായ കണ്ടെത്തല്‍, കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പാക്കിയതാണ് വൈറസ് ബാധയുടെ വ്യാപനം തടയാന്‍ സാധിച്ചത്.

കോവിഡിനെതിരായ പ്രതിരോധ മരുന്ന് കണ്ടെത്തുന്നത് വരെ സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.