മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാവുന്നത്. ഇൗ വര്‍ധനവ് രാജ്യത്തെ തന്നെ ആശങ്കയിലാഴ്ത്തുകയാണ്. മഹാരാഷ്ട്രയില്‍ ഇന്ന് 131 പൊലീസുകാര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 2095 ആയിരിക്കുകയാണ്. 22 പൊലീസുകാര്‍ മരണപ്പെടുകയും ചെയ്തു.
രോഗം സ്ഥിരീകരിച്ച പൊലീസുകാരില്‍ 897 പൊലീസുകാര്‍ ഇതുവരേയും രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
56984 പേര്‍ക്കാണ് ഇതുവരേയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1894 പേര്‍ മരണപ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56948 ലെത്തിയത്. നിലവില്‍ 37215 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയിലാണ്. 1044 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 33835 പേര്‍ക്കാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 32 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് 1097 പേരാണ് മരണപ്പെട്ടിരിക്കുന്നത്.
മുംബൈയിലെ ധാരാവിയില്‍ 18 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടെ 1639 പേരാണ് ഇവിടെ കൊവിഡിന്റെ പിടിയിലായത്. എന്നാല്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6384 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 151767 ആയിരിക്കുകയാണ്. 4337 പേരാണ് ഇതുവരേയും കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്.