ബാൾട്ടിമോർ: വിശ്വാസികളുടെയും സഭാനേതൃത്വത്തിന്റെയും ശക്തമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ അമേരിക്കയിലെ ബാൾട്ടിമോറില്‍ പൊതു ബലിയര്‍പ്പണത്തിന് അനുമതി ലഭിച്ചെങ്കിലും ദിവ്യകാരുണ്യ സ്വീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. മേരിലാൻഡ് സംസ്ഥാനത്തെ ഹൗവാർഡ് കൗണ്ടിയിലെ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിർദേശമാണ് ബാൾട്ടിമോർ അതിരൂപതയില്‍ കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നത്. വിശ്വാസപരമായ ആചാരത്തിന്റെ ഭാഗമായി ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ യാതൊരുവിധ ഭക്ഷ്യവസ്തുവും കൂട്ടായ്മയില്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം. എന്നാല്‍ ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ബാൾട്ടിമോർ അതിരൂപത രംഗത്തെത്തിയിട്ടുണ്ട്.
കത്തോലിക്ക സമൂഹത്തെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യ സ്വീകരണം വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. ദിവ്യകാരുണ്യ സ്വീകരണത്തിന് അനുമതി തടയാനുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷിതമായി വിശുദ്ധ കുർബാന സ്വീകരണം നടത്തുന്നതിനു ഒരുക്കിയിരിക്കുന്ന മാർഗ നിർദേശങ്ങൾ സഭാധികൃതർ ഭരണനേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തില്‍ ഹൗവാർഡ് കൗണ്ടി മൌനം തുടരുകയാണ്. ബാള്‍ട്ടിമോര്‍ ആര്‍ച്ച് ബിഷപ്പ് വില്യം ലോറിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന.