കണ്ണൂര്‍: പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളില്‍ കഴിഞ്ഞവരുടെയും വരവോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകാനൊരുങ്ങുന്നു. സംസ്ഥാന ശരാശരിയുടെ ഇരട്ടിയോളം പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചതാണ് ജില്ലയുടെ സ്ഥിതി വീണ്ടും അതീവ അപകടാവസ്ഥയിലെത്തിച്ചത്. തുടക്കത്തില്‍ കാസര്‍കോടിനെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. ഏറ്റവും ഒടുവില്‍ ഏഴുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 99ലെത്തി നില്‍ക്കുകയാണ് എണ്ണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പന്ത്രണ്ടായിരം കടന്നിട്ടുണ്ട്. ജില്ലയുടെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാനാണ് ആലോചന. ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവരിലൂടെ രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചതാണ് ആശങ്കപ്പെടുത്തുന്ന വിവരം.

തലശ്ശേരി മാര്‍ക്കറ്റിലെ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റ് അടപ്പിച്ചു. ജില്ലയിലെ 25 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതോടെ 25 തദ്ദേശ ഭരണ സ്ഥാപനങ്ങളും ഹോട്ട് സ്പോട്ടുകളാക്കേണ്ടി വന്നു. ഇനി രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിക്കും.

ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളൊന്നും പരിഗണിക്കാതെ ഹോം ക്വാറന്റൈനിലെ വ്യവസ്ഥകളൊക്കെ ലംഘിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇതോടൊപ്പം കര്‍ണാടകയുടെ അതിര്‍ത്തി വഴി നിയമ വിരുദ്ധമായി കടന്നു വരുന്നുമുണ്ട്. കാടുവഴി വരുന്നതിനാല്‍ പൊലീസുകാര്‍ ഇത് അറിയുന്നുമില്ല. വാര്‍ഡ് തല ജാഗ്രതാ സമിതിയുടെ സഹായത്തോടെ നടപടി സ്വീകരിക്കാനാണ് ശ്രമിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നും ആളുകളൊക്കെ കൂട്ടത്തോടെ എത്തിയതും ഭീതി സൃഷ്ടിക്കുന്നുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന സംഭവത്തില്‍ നടപടിയും ശക്തമാക്കുകയാണ്. എന്നാലും ജനം ഇപ്പോഴും ജാഗ്രത പാലിക്കുന്നില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ആശങ്ക. സംസ്ഥാനത്തെ മരണ സംഖ്യ പത്തിനോട് അടുത്തതും കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ചെറുപ്പക്കാരനടക്കം രോഗ ബാധിതനായി മരിച്ചതും ആശങ്കയുണ്ടാക്കുന്നു.