കൊല്ലം: ഉത്ര കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സൂരജിന്റെ 15 സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്ബിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോക് അറിയിച്ചു.
സൂരജിന് പാമ്ബുപിടുത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍ നിന്നാണെന്നും അന്വേഷിക്കുന്നുണ്ട്. യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലിസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കുന്നില്ല. കൊലപാതകത്തിനുശേഷം സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഉത്രയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചത്. സൂരജിന് ഒളിവില്‍ക്കഴിയാനുള്ള സഹായവും സുഹൃത്തുക്കള്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.
പോലിസ് കസ്റ്റഡി കാലാവധി കഴിഞ്ഞാലുടന്‍ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ വനംവകുപ്പും കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയന്‍ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരില്‍ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലില്‍ നിന്നാണെന്ന് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
തന്‍്റെ സ്വര്‍ണാഭരണങ്ങള്‍ ഒരുലക്ഷം രൂപയ്ക്ക് പണയം വെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു. ഈ സ്വര്‍ണം കണ്ടെത്താന്‍ സൂരജുമായി തെളിവെടുപ്പ് നടത്തും. വീട്ടുകാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കര്‍ സ്ഥലം എഴുതി നല്‍കാത്തതിനെച്ചൊല്ലി സൂരജിന്റെ കുടുംബാംഗങ്ങള്‍ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പോലിസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ സൂരജിന്റെ കുടുംബത്തെ ചോദ്യം ചെയ്യും.