കോഴിക്കോട്: ലോക്ക്ഡൗണ്‍ കേരളത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്‌പ്രസാണ് ആദ്യം പുറപ്പെട്ടത്. എന്നാല്‍ കണ്ണൂരില്‍ നിന്നും 4.50ന് പുറപ്പെടേണ്ട ട്രെയിന്‍ മുന്നറിയിപ്പൊന്നുമില്ലാതെ കോഴിക്കോട്ട് നിന്നാണ് പുറപ്പെട്ടത്. ഇത് യാത്രക്കാരെ വലച്ചു. കോഴിക്കോട്ട് നിന്നും നിശ്ചയിച്ച പ്രകാരമുള്ള സമയത്തു തന്നെയാണ് ട്രെയിന്‍ പുറപ്പെട്ടത്.
കണ്ണൂരില്‍നിന്ന് പുറപ്പെടാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു എന്നും എന്നാല്‍ യാത്രക്കാരെ പരിശോധിച്ച് കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന്റെ സഹകരണമില്ലാത്തതിനാലാണ് ഇത് റദ്ദാക്കേണ്ടി വന്നതെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും അവര്‍ പറഞ്ഞു.
വരും ദിവസങ്ങിലും ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരില്‍ നിന്നും പുറപ്പെടുമോയെന്നകാര്യത്തിലോ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട വണ്ടി കണ്ണൂരില്‍ എത്തുമോ എന്ന കാര്യത്തിലോ ഇതുവരെ വ്യക്തമല്ല.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് ഉണ്ടാവുക. സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്നവയാണ് നാലു ട്രെയിനുകള്‍, കൊങ്കണ്‍ വഴി മുംബൈയിലേക്കും ഡല്‍ഹിയിലേക്കും. ജൂണ്‍ 10 വരെ സാധാരണ ഷെഡ്യൂളിലും ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ ഷെഡ്യൂള്‍ പ്രകാരവും ട്രെയിനുകള്‍ സര്‍വീസ് നടത്തും.
രാജ്യത്താകെ സമയക്രമം അനുസരിച്ചുള്ള ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ട്രെയിനുകളോടിത്തുടങ്ങുന്നത്. ഇരു ദിശകളിലേക്കുമായി 115 വീതം ട്രെയിനുകളാണ് രാജ്യത്ത് ഓടിത്തുടങ്ങുക.
ജൂണ്‍ ഒന്നിന് രാജ്യത്താകെ ഒന്നര ലക്ഷത്തോളം യാത്രക്കാര്‍ ട്രെയിനുകളില്‍ സഞ്ചരിക്കുമെന്നാണ് റെയില്‍വേ കണക്കാക്കുന്നത്. ജൂണ്‍ 29 മുതല്‍ തത്ക്കാല്‍ ബുക്കിങ്ങ് അനുവദിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പാണ് ആദ്യ ചാര്‍ട്ട് തയ്യാറാക്കുക. രണ്ടാമത്തെ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പും തയ്യാറാക്കും. 30 മിനുറ്റ് മുന്‍പായിരുന്നു നേരത്തേ രണ്ടാമത്തെ ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്.