തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റാകും. നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിനൊപ്പം ലക്ഷദ്വീപ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. ‘നിസര്‍ഗ’ എന്ന് പേരിട്ട ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വടക്ക് ദിശയില്‍ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരതൊടും. അറബിക്കടലിന്റെ താപനില 31 ഡിഗ്രി ആയതിനാല്‍ ചുഴലിക്കാറ്റിന് തീവ്രത കൂടുമെന്നും മുന്നറിയിപ്പുണ്ട്.