തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി രോഗമുക്തയായി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശിനിയായ 70 കാരിക്കാണ് വിദഗ്ധചികില്‍സയ്ക്കുശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. മെയ് 17 ന് അബൂദബിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ കുടുംബത്തോടൊപ്പം തിരിച്ചെത്തിയതായിരുന്നു ഇവര്‍. വീട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 21 ന് ഒപ്പമെത്തിയ മകന് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മെയ് 24 നാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവരെ തുടര്‍നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 632 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു. 12,447 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 220 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 215 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികില്‍സയിലുള്ളത്. 10,927 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,300 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ചികില്‍സയിലുള്ളത് 79 പേര്‍
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 79 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, ഇടുക്കി സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
ജില്ലയില്‍ ഇതുവരെ 129 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. 10 പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,949 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 373 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.