ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു എങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന വിവരം ആശ്വാസമേകുന്നതാണ്.

48.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1,00,303 പേരാണ് രാജ്യത്ത് ഇതുവരെ രോഗ മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,776 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1,01,497 പേര്‍ രോഗബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

2.80 ശതമാനമാണ് രാജ്യത്തെ മരണ നിരക്കൊന്നും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 41,03,233 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്ക് വിധേയമാക്കി. 1,37,258 സാമ്പിളുകളാണ് കഴിഞ്ഞദിവസം പരിശോധനക്ക് അയച്ചത്.

952 കൊറോണ ആശുപത്രികളാണ് രാജ്യത്തുള്ളത്. 1,66,332 ഐസൊലേഷന്‍ ബെഡ്ഡുകളും 11,027 ഐ സി യു ബെഡ്ഡുകളും രാജ്യത്തുണ്ട്. 125.28 ലക്ഷം N95 മാസ്‌ക്കുകളും 101.54 ലക്ഷം പി പി ഇ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.