വാഷിംഗ്ടണ്‍ ഡിസി: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ടു വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഇന്ത്യന്‍ എംബസിക്കു മുമ്പില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ നടത്തിയ അക്രമണത്തില്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ മാപ്പു പറഞ്ഞു.

സെനറ്റര്‍ മാര്‍ക്ക് റൂമ്പിയെ (റിപ്പബ്ലിക്കന്‍) ആക്രമണത്തെ അപലപിച്ചു. സമാധാനത്തിന്റെ അപ്പോസ്തലന്‍ എന്ന് ലോകം അറിയപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ നടന്ന ആക്രമണം വല്ലാതെ വേദനിപ്പിച്ചതായും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും അംബാസഡര്‍ കെന്നതു ജസ്റ്റര്‍ ജൂണ്‍ 4ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അക്രമികള്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ചായം പൂശുകയും, വരച്ചിടുകയും ചെയ്തതു പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ സഹായവും ചെയ്യുമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കി.വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഇതു സംബന്ധിച്ചു പരാതി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2000 സെപ്റ്റംബര്‍ 16 ന് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

മെട്രോ പോലിറ്റന്‍ പൊലീസും നാഷണല്‍ പാര്‍ക്ക് പോലീസും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍