കോഴിക്കോട്: വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിൽനിന്ന് എയർ ആംബുലൻസിൽ കേരളത്തിൽ എത്തിച്ച യുവാവ് മരിച്ചു. തലശേരി സ്വദേശി പ്രസാദ് ദാസ് (37) ആണ് മരിച്ചത്. അർബുദം ബാധിച്ച് ബ്രിട്ടനിൽ ചികിത്സയിൽ കഴിയുമ്പോഴാണ് പ്രസാദ് ദാസിനെ കഴിഞ്ഞ മാസം 24 ന് കോഴിക്കോട് എത്തിച്ചത്. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദ് ദാസിനെ രക്ഷിക്കാൻ സാധിച്ചില്ല.
രണ്ടുവർഷമായി ബ്രിട്ടനിൽ സോഫ്റ്റ്വെയർ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു പ്രസാദ് ദാസ്. വയറിൽ അർബുദം ബാധിച്ച ഇദ്ദേഹം നോട്ടിംഗ് ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സ തേടിയത്. കോവിഡ് ഭീഷണി വ്യാപകമായതിനെ തുടർന്ന് തുടർ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.
മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയുമായിരുന്നു. പ്രസാദ് ദാസിനെ എയർ ആംബുലൻസിലാണ് ബ്രിട്ടനിൽനിന്ന് കരിപ്പൂരിലെത്തിച്ചത്. കുടുംബവും സുഹൃത്തുക്കളുമാണ് ഇതിനുള്ള ചെലവ് വഹിച്ചത്.