അഹമ്മദാബാദ്:  സഹോദരങ്ങളായ രണ്ടുപേരും നാലു കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ആറു പേര്‍ ഫ് ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ഗുജറാത്തിലെ അഹമ്മദാബാദില്‍ ആള്‍ താമസമില്ലാത്ത ഫ് ളാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമരീഷ് പട്ടേല്‍(42) ഗൗരങ്ക് പട്ടേല്‍(40) ഇവരുടെ മക്കളായ കീര്‍ത്തി (ഒമ്ബത്) സാന്‍വി (ഏഴ്) മയൂര്‍ (12) ധ്രുവ് (12) എന്നിവരെയാണ് വാത്വ ജിഐഡിസിയിലെ ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരങ്ങളായ അമരീഷ് പട്ടേലും ഗൗരങ്ക് പട്ടേലും കുട്ടികളെ മയക്കുമരുന്ന് നല്‍കി കെട്ടിത്തൂക്കിയ ശേഷം തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ രണ്ടിടങ്ങളിലായാണ് സഹോദരങ്ങളായ അമരീഷും ഗൗരങ്കും താമസിക്കുന്നത്. വ്യാഴാഴ്ച ഇരുവരും കുട്ടികളുമായി പുറത്തേക്ക് പോയിരുന്നു. എന്നാല്‍ രാത്രിയായിട്ടും മടങ്ങിവന്നില്ല. ഇതേതുടര്‍ന്ന് ഇരുവരുടെയും ഭാര്യമാര്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ജിഐഡിസിയിലെ ആള്‍താമസമില്ലാത്ത ഫ് ളാറ്റിലെത്തി തിരച്ചില്‍ നടത്തി.

ആള്‍ത്താമസമില്ലാത്ത ഫ് ളാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ഭര്‍ത്താക്കന്മാരും കുട്ടികളും ഫ് ളാറ്റിനകത്തുണ്ടെന്ന് മനസിലായി. തുടര്‍ന്ന് അര്‍ധരാത്രിയോടെ പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച്‌ അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

അമരീഷ് പട്ടേലും ഗൗരങ്ക് പട്ടേലും സ്വീകരണമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കീര്‍ത്തി, സാന്‍വി എന്നിവരുടെ മൃതദേഹങ്ങള്‍ അടുക്കളയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും കണ്ടെത്തി. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കുട്ടികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.