കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടരുന്നു. ഡിസിപി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കേസില്‍ നിലവില്‍ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികളില്‍ ഒരാള്‍ക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കുന്നുണ്ട്. സിനിമ മേഖലയുമായി ബന്ധപ്പെട്ടവര്‍ ഇതിനു പിന്നിലുണ്ടെങ്കില്‍ അക്കാര്യം പുറത്തുകൊണ്ടുവരുമെന്ന് ഐജി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷംനയ്‌ക്കു പുറമേ ബ്ലാക്‌മെയിലിങ്ങിനു ഇരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം നടക്കും.
ഷംന ഇപ്പോള്‍ ഹെെദരാബാദിലാണുള്ളത്. ഷംന നാട്ടിലെത്തിയാല്‍ ഉടന്‍ പൊലീസ് മൊഴി രേഖപ്പെടുത്തും. സ്വര്‍ണ കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
നേരത്തെ, ഷംനയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തൃശൂര്‍ സ്വദേശികളായ ശരത്, അഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെത്തിയ സംഘം ഷംനയുടെ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തുകയും ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവാഹ ആലോചനയുമായി വന്നവരാണ് പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഷംന പറയുന്നു.
“ഒരു വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി സംസാരിച്ച് അടുത്തു. കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി അന്വേഷിച്ചിരുന്നില്ല. പയ്യനോട് ഞാനും ഒന്നു രണ്ടു തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഒരു ദിവസം ഫോണില്‍ വിളിച്ച് ഒരാള്‍ വരും, കുറച്ച് പണം കൊടുത്തുവിടാമോ എന്നു ചോദിച്ചപ്പോഴാണ് എനിക്ക് സംശയം തോന്നിയത്. ഒരു ലക്ഷം രൂപ കൊടുക്കാമോ എന്നു ചോദിച്ചു. സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്,” ഷംന കാസിം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.