ചങ്ങനാശ്ശേരി അതിരൂപതാംഗവും വെനസ്വലയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയ സെക്രട്ടറിയുമായ മോൺ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസീസ് മാർപ്പാപ്പ വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ (Secretariat of State, Holy See) പൊതു കാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചു. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രെലേറ്റ് പദവി നൽകി ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചിരുന്നു.
അൾജീരിയ, ദക്ഷിണ കൊറിയ – മംഗോളിയ, ഇറാൻ, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളിൽ മോൺ. ജോർജ്ജ് അപ്പസ്തോലിക് നു ൺഷ്യേച്ചറിന്റെ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂർത്തിയാക്കിയ മോൺ. ജോർജ്ജ് 2004 ൽ പുരോഹിതനായി അഭിഷിക്തനായി. മാമ്മൂട് സ്വദേശിയും , എസ്. ബി. കോളേജ് പൂർവ വിദ്യാർത്ഥിയുമായ മോൺ. കൂവക്കാട് റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കിയിട്ടുണ്ട്.