ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗിന്റെ മരണം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രഭവകേന്ദ്രമായി മാറുന്നു. ആരാണ് ഈ ഒഴിവ് നികത്തേണ്ടത് എന്നതിനെച്ചൊല്ലി രൂക്ഷമായ പോരാട്ടം ഇന്നലെ തന്നെ ആരംഭിച്ചു. നവംബര്‍ 3 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പാണ് മെറ്റാസ്റ്റാറ്റിക് പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെത്തുടര്‍ന്ന് 87 കാരിയായ ജിന്‍സ്ബര്‍ഗ് അന്തരിച്ചത്. ലിബറല്‍ നേതാവായിരുന്ന ജിന്‍സ്ബര്‍ഗിന്റെ മരണത്തിന് മുമ്പ് കണ്‍സര്‍വേറ്റീവുകള്‍ കോടതിയില്‍ ലിബറലുകളെക്കാള്‍ 5-4 എണ്ണം ഭൂരിപക്ഷത്തിലെത്തിയിരുന്നു. വലതുപക്ഷ ചായ്വുള്ള യാഥാസ്ഥിതികര്‍ക്ക് 6-3 ഭൂരിപക്ഷം നിലനിര്‍ത്താനാകും. അങ്ങനെ വന്നാല്‍ ട്രംപിനാണ് നേട്ടമുണ്ടാക്കാനാകുക. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം ചീഫ് ജസ്റ്റ്‌സിനെ നിയമിച്ചാല്‍ മതിയെന്നാണ് ഡെമോക്രാറ്റുകളുടെ വാദം. ബൈഡന്‍ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടതില്ലെന്നു പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കഴിയുമെന്ന് റിപ്പബ്ലിക്കന്മാരും വാദിക്കുന്നു.

ഭാവിയിലെ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നോമിനികളുടെ പട്ടിക സെപ്റ്റംബര്‍ ആദ്യം പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയിരുന്നു. പട്ടികയില്‍ മൂന്ന് യാഥാസ്ഥിതിക സെനറ്റര്‍മാരും ഉള്‍പ്പെടുന്നു. ടെഡ് ക്രൂസ്, ജോഷ് ഹാവ്ലി, ടോം കോട്ടണ്‍ എന്നിവര്‍ക്കു പുറമേ, കെന്റക്കി അറ്റോര്‍ണി ജനറല്‍ ഡാനിയേല്‍ കാമറൂണ്‍, മെക്‌സിക്കോയിലെ യുഎസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ ലാന്‍ഡോ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ജിന്‍സ്ബര്‍ഗിന്റെ മരണവാര്‍ത്തയോട് ട്രംപ് വെള്ളിയാഴ്ച രാത്രി പ്രതികരിച്ചിരുന്നു. ‘ ജിന്‍സ്ബര്‍ഗ് അതിശയകരമായ ജീവിതം നയിച്ച വനിതയാണ്. അമേരിക്കന്‍ നീതിന്യായ വകുപ്പില്‍ അവര്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടും.’ ട്രംപ് പറഞ്ഞു. എന്നാല്‍ പുതിയ ചീഫ് ജസ്റ്റിസിന്റെ കാര്യത്തില്‍ എന്തു തീരുമാനമാണെടുക്കുക എന്ന ആവര്‍ത്തിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

2016 ഫെബ്രുവരിയില്‍ മരിച്ച ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയയുടെ സീറ്റ് നികത്താന്‍ ഡെമോക്രാറ്റുകളും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും നടത്തിയ നീക്കത്തെ റിപ്പബ്ലിക്കന്മാര്‍ എതിര്‍ത്തിരുന്നു. സമാനസ്ഥിതിയാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇത്തരമൊരു സാഹചര്യമുയര്‍ത്തി ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ നടപടിക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍, സുപ്രീം കോടതി ഒഴിവ് നികത്താന്‍ അതിവേഗം നീങ്ങുമെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണല്‍ പറയുന്നു. ”അമേരിക്കക്കാര്‍ 2016 ല്‍ ഞങ്ങളുടെ ഭൂരിപക്ഷം വീണ്ടും തിരഞ്ഞെടുക്കുകയും 2018 ല്‍ അത് വിപുലീകരിക്കുകയും ചെയ്തു, കാരണം പ്രസിഡന്റ് ട്രംപിനൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന്റെ അജണ്ടയെ പിന്തുണയ്ക്കാനും ഞങ്ങള്‍ പ്രതിജ്ഞയെടുത്തു, പ്രത്യേകിച്ചും ഫെഡറല്‍ ജുഡീഷ്യറിയിലേക്കുള്ള അദ്ദേഹത്തിന്റെ മികച്ച നിയമനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍,” മക്കോണല്‍ പ്രസ്താവനയില്‍ പറഞ്ഞു. ”ഒരിക്കല്‍ കൂടി ഞങ്ങള്‍ വാഗ്ദാനം പാലിക്കും. പ്രസിഡന്റ് ട്രംപിന്റെ നോമിനിക്ക് യുണൈറ്റഡ് സെനറ്റിന്റെ ഒരു വോട്ട് ലഭിക്കും.’

റിപ്പബ്ലിക്കന്‍മാര്‍ക്ക് സെനറ്റില്‍ 53-47 ഭൂരിപക്ഷം ഉണ്ട്, ഒരു പുതിയയാളെ നാമനിര്‍ദ്ദേശം ചെയ്യാനും സ്ഥിരീകരിക്കാനും ആവശ്യമായ വോട്ടുകള്‍ അവര്‍ക്ക് ഉണ്ട്. എന്നാലിത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കൃത്യമായി ഉപയോഗിക്കാന്‍ കഴിയുമോയെന്ന് വ്യക്തമല്ല. സുപ്രീം കോടതി ജസ്റ്റിസിന്റെ നിയമന സ്ഥിരീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം വേണം. സെനറ്റര്‍മാരും ഹാജരാകുകയും വേണം. ഈ വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പ് പ്രതിസന്ധി നേരിടുന്ന നിരവധി സെനറ്റര്‍മാര്‍ ഉള്ളപ്പോള്‍ ഇത് എത്ര മാത്രം പ്രായോഗികമായിരിക്കുമെന്നും വ്യക്തമല്ല. നവംബര്‍ 3 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് നികത്തരുതെന്ന് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക് ഷുമര്‍ ആവശ്യപ്പെട്ടിരുന്നു. ”അമേരിക്കന്‍ ജനതയ്ക്ക് അവരുടെ അടുത്ത സുപ്രീം കോടതി ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നതില്‍ ശബ്ദമുണ്ടായിരിക്കണം. അതിനാല്‍, ഞങ്ങള്‍ക്ക് ഒരു പുതിയ പ്രസിഡന്റ് ഉണ്ടാകുന്നതുവരെ ഈ ഒഴിവ് നികത്തരുത്,” ഷുമര്‍, വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

അതേസമയം, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കറുത്തവംശജയായ ഒരു സ്ത്രീയെ രാജ്യത്തെ പരമോന്നത കോടതി സംവിധാനത്തിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്ന് പ്രസ്താവിച്ചു. സ്‌കാലിയയുടെ സീറ്റ് നികത്താന്‍ മെറിക് ഗാര്‍ലാന്‍ഡിനെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ 2016 ല്‍ റിപ്പബ്ലിക്കന്‍മാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. പുതിയ ജസ്റ്റിസിനെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനു വേണ്ടി തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നും ബൈഡന്‍ വെള്ളിയാഴ്ച രാത്രി പ്രസ്താവനയില്‍ പറഞ്ഞു. ”വോട്ടര്‍മാര്‍ പ്രാഥമികമായി ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കണം, പ്രസിഡന്റ് ജസ്റ്റിസ് ജിന്‍സ്ബര്‍ഗിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കണം,” അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പിന് ഏകദേശം ഒന്‍പത് മാസം മുമ്പുണ്ടായിരുന്ന 2016 ല്‍ റിപ്പബ്ലിക്കന്‍ സെനറ്റ് സ്വീകരിച്ച നിലപാടാണിത്. തിരഞ്ഞെടുപ്പിന് രണ്ട് മാസത്തില്‍ താഴെയുള്ളപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റ് ഇപ്പോള്‍ സ്വീകരിക്കേണ്ട നിലപാടും ഇങ്ങനെയായിരിക്കണം.’ ബൈഡന്‍ പറഞ്ഞു.