നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കൂള്ളില്‍ പേടിഎമ്മിന്റെ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ നിബന്ധനകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ പുറത്താക്കിയത്. പ്ലേ സ്റ്റോറിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പേടിഎം അറിയിച്ചിരിക്കുന്നത്. ”അപേഡേറ്റ്: ആന്‍ഡ് വിആര്‍ ബാക്ക് ” എന്നായിരുന്നു പേടിഎമ്മിന്റെ ട്വീറ്റ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു മുന്നോടിയായി പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരില്‍ ഫാന്റസി ക്രിക്കറ്റ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഗൂഗിളിന്റെ പുറത്താക്കല്‍ നടപടി. ഗൂഗിളിന്റെ നടപടിക്ക് പിന്നാലെ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പേടിഎം വിശദീകരണവുമായി എത്തിയിരുന്നു. താത്കാലിമായി പേടിഎം ഗൂഗിള്‍ പേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ഉടന്‍ തിരികെ വരും. എല്ലാവരുടെയും പണം സുരക്ഷിതമാണ്. പതിവു പോലെ നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാമെന്നായിരുന്നു പേടിഎമ്മിന്റെ വിശദീകരണം.