ഇതാദ്യമായി വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിയമിച്ചു. രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് പോസ്റ്റ് ചെയ്തത്. സബ് ലെഫ്റ്റനന്റ് റിതി സിംഗ്, സബ് ലെഫ്.കൗമുദി ത്യാഗി എന്നിവരെയാണ് യുദ്ധക്കപ്പലുകളില്‍ പോസ്റ്റ് ചെയ്തത്. നേവിയില്‍ വിവിധ റാങ്കുകളില്‍ വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും യുദ്ധക്കപ്പലുകളില്‍ ഇതാദ്യമായാണ് വനിതകളെ നിയോഗിച്ചിരിക്കുന്നത്.

ക്രൂ ക്വാര്‍ട്ടേഴ്‌സിലെ സ്വകാര്യതയുടെ അഭാവം, സ്ത്രീകള്‍ക്ക് പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളില്ലാത്തത് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഉയര്‍ത്തിയാണ് ഇതുവരെ യുദ്ധക്കപ്പലുകളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കാതിരുന്നത്. നേവിയുടെ പുതിയ എംഎച്ച്‌ 60 ആര്‍ ഹെലികോപ്റ്ററുകള്‍ പുതിയ വനിതാ ഉദ്യോഗസ്ഥര്‍ പറപ്പിക്കും. 24 ഇത്തരം ഹെലികോപ്റ്ററുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ലോകത്തെ തന്നെ എറ്റവും അത്യാധുനിക മിലിട്ടറി മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളാണിവ. ശത്രുക്കളുടെ കപ്പലുകളേയും മുങ്ങിക്കപ്പലുകളേയും കണ്ടുപിടിക്കുന്നതിനടക്കം ശേഷിയുള്ള ഹെലികോപ്റ്ററുകളാണ് എംഎച്ച്‌ 60 ആര്‍. 2.6 ബില്യണ്‍ ഡോളറിനാണ് (ഏതാണ്ട് 19,121 കോടിയിലധികം ഇന്ത്യന്‍ രൂപ) ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 2018ല്‍ ഇന്ത്യ ഈ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടത്.