തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗബാധിതരുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 1,75,384 പേര്‍ക്കാണ്. സെപ്തംബര്‍ മാസത്തില്‍ മാത്രം, 27 ദിവസം കഴിഞ്ഞപ്പോഴേക്ക് 99,999 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്‌തത്‌. 100 പരിശോധനകളില്‍ 13.87 രോഗികള്‍ എന്നതാണ് ഇന്നലത്തെ നിരക്ക്. കഴിഞ്ഞയാഴ്ച്ചയിലെ കണക്കില്‍ 11.57 ശതമാനം. ഇതില്‍ കേരളത്തിന് മുകളിലുള്ളത് കര്‍ണാടകയും മഹാരാഷ്ട്രയും മാത്രമാണ്. ദേശീയതലത്തില്‍ 82 ശതമാനമാണ് രോഗമുക്തി നിരക്കെങ്കില്‍ സംസ്ഥാനത്തിത് 67 ശതമാനമാണ്‌.

വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. ഇതിനിടെ രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.