കൊല്‍ക്കത്ത: തീവണ്ടിയാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി ദക്ഷിണ കിഴക്കന്‍ റെയില്‍വേ. മൈ സഹേലി (എന്റെ കൂട്ടുകാരി) എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആരംഭമെന്ന നിലയില്‍ പദ്ധതി ദക്ഷിണ കിഴക്കന്‍ മേഖലയിലെ മൂന്ന് തീവണ്ടികളില്‍ നടപ്പാക്കുന്നുണ്ട്.
ഹൗറ- യശ്വന്ത്പൂര്‍ തുരന്തോ സ്‌പെഷ്യല്‍, ഹൗറ – അഹമ്മദാബാദ് സ്‌പെഷ്യല്‍, ഹൗറ- മുബൈ സ്‌പെഷ്യല്‍ തീവണ്ടികളാണ് മൈ സഹേലി നടപ്പാക്കുന്നത്. സെപ്തംബര്‍ 18 മുതല്‍ തീവണ്ടികളില്‍ നടപ്പാക്കാന്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

യാത്രക്കാരായ സ്ത്രീകള്‍ക്കൊപ്പം വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും അനുഗമിയ്ക്കുന്നതാണ് പദ്ധതി. തീവണ്ടി കയറിയ സ്റ്റേഷന്‍ മുതല്‍ ഇറങ്ങുന്ന സ്‌റ്റേഷന്‍വരെ വനിതാ ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് സംവദിയ്ക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചായിരിക്കും പ്രധാനമായു ഇവര്‍ യാത്രക്കാരോട് സംസാരിക്കുക. ഇതിന് പുറമേ അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടുന്നതിനായി ഔദ്യോഗിക ഫോണ്‍ നമ്പറുകളും നല്‍കും.
പദ്ധതിയുടെ ഭാഗമായി വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വനിതാ യാത്രക്കാരുടെ സീറ്റ് നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിയ്ക്കും. യാത്രയിലുടനീളം ഇവരുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടേയിരിക്കും.