തിരുവനന്തപുരം: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓരോ ജില്ലയിലെ സാഹചര്യത്തിനനുസരിച്ച്‌ ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ക്ക് ഉത്തരവിറക്കാമെന്നും ആരാധനാലയങ്ങളുടെ ഇളവുകളില്‍ ഉള്‍പ്പെടെ കലക്ടര്‍ക്ക് വ്യക്തത വരുത്താമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍, പാര്‍ക്കിലും ബീച്ചിലും മറ്റും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഒരു സമയം അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ പൊതു ഇടങ്ങളില്‍ ഒത്തുകൂടിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം നടപടിയെടുക്കും. എന്നാല്‍ മരണം, വിവാഹ ചടങ്ങുകള്‍ എന്നിവയുടെ കാര്യത്തില്‍ നിലവിലെ ഇളവുകള്‍ തുടരും. കൊവിഡ് തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യമായ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും ആവശ്യമെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാമെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കടകള്‍ അടച്ചിടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ അര്‍ഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.