എസ്പിബിയോടുള്ള ആദരസൂചകമായി ചെന്നൈയില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സദസിനെ കണ്ണീരണിയിച്ച് ഗായിക ചിത്രയുടെ വാക്കുകള്‍ . മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പോലും എസ്പിബിയില്‍ നിന്ന് പഠിക്കാന്‍ സാധിച്ചുവെന്ന് ചിത്ര പറയുന്നു. ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ; ‘ഇതുപോലെ ഒരു അവസ്ഥയില്‍ നിന്ന് സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ബാലു സാറിനെ ഞാനാദ്യം കാണുന്നത് 1984ല്‍ ‘പുന്നഗൈ മന്നന്‍’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് സമയത്താണ്. തുടര്‍ന്ന് 2015 വരെ തുടര്‍ച്ചയായി അദ്ദേഹത്തോടൊപ്പം പാട്ടുകള്‍ പാടി. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒരുപാട് ഓര്‍മകളും അനുഭവങ്ങളുമുണ്ട്.
‘തമിഴ്, തെലുങ്ക് എന്നിങ്ങനെ ഏത് ഭാഷ ആയാലും അതെല്ലാം എങ്ങനെ ഉച്ചരിക്കണമെന്നും എങ്ങനെ എഴുതണമെന്നുമെല്ലാം എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഓരോ വാക്കുകളുടെയും അര്‍ഥവും വരികളില്‍ വരേണ്ട ഭാവങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞു തരുമായിരുന്നു. ഒരു പുസ്തകത്തില്‍ എല്ലാം എഴുതി തന്നിട്ടുണ്ട്. ആ പുസ്തകം ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. അത് മാത്രമല്ല ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് എങ്ങനെ പെരുമാറണെന്നു പോലും സാറില്‍ നിന്നു പഠിക്കാന്‍ സാധിച്ചു. കൂടെ ജോലി ചെയ്യുന്ന ഓര്‍ക്കസ്ട്ര ടീമിനോടുള്‍പ്പെടെ എങ്ങനെ പെരുമാറണമെന്ന് എസ്പിബി സാറിനെ കണ്ടാണ് ഞാന്‍ മനസ്സിലാക്കിയത്.
അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ഓര്‍മകള്‍ ഉണ്ടെങ്കിലും ആ മനസ്സ് എത്രത്തോളം വലുതാണെന്നു തെളിയിക്കുന്ന ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ ഞങ്ങള്‍ അമേരിക്കയില്‍ ഒരു സംഗീത പരിപാടിയ്ക്കു പോയി. മൂന്ന് ദിവസം തുടര്‍ച്ചയായായിരുന്നു പരിപാടി. അതില്‍ രണ്ടാം ദിവസം താമസ സ്ഥലത്ത് എത്തിയപ്പോള്‍ മുറികള്‍ വൃത്തിയാക്കുകയാണെന്നും എല്ലാവരും അല്‍പ നേരം കാത്തിരിക്കണമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. അവര്‍ പക്ഷേ എസ്പിബി സാറിനുള്ള മുറി വളരെ വേഗം ശരിയാക്കി കൊടുക്കുകയും ചെയ്തു. അപ്പോള്‍ സര്‍ അവരോടു പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കാനാകില്ല. ‘എനിക്ക് ഇപ്പോള്‍ മുറി വേണ്ട, അവര്‍ക്കു കൊടുക്കൂ. ഞാന്‍ മുറിയിലേക്കു പോയാല്‍ നിങ്ങള്‍ അവരെ ഗൗനിക്കില്ല. അവരെല്ലാം മുറിയില്‍ പോയി വിശ്രമിച്ചതിനു ശേഷമേ ഞാന്‍ പോകുന്നുള്ളു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മറ്റുള്ളവരോട് ഇത്രയും സ്നേഹവും കരുതലുമുള്ള ഇതുപോലൊരു മനുഷ്യനെ ഞാന്‍ മറ്റെവിടെയും കണ്ടിട്ടേയില്ല. ഓരോ തവണ കാണുമ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് ആശീര്‍വാദം വാങ്ങാറുണ്ട്. സര്‍ എവിടെയായിരുന്നാലും നന്നായിരിക്കട്ടെ, സാറിന്റെ ആശീര്‍വാദം എപ്പോഴും എന്റെ കൂടെയുണ്ടാകണം’.