ദളിത് വിഭാഗത്തില്‍പെട്ട കലാപ്രതിഭ ആര്‍.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം താനും ശക്തമായി പ്രതിഷേധിക്കുന്നു എന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ആര്‍.എല്‍.വി.രാമകൃഷ്ണന്റെ വേദനയും സങ്കടവും സര്‍ക്കാരിനെതിരെയല്ല, ചില അക്കാദമിഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെയാണ് എന്ന് മനസ്സിലാക്കുന്നു. സര്‍ക്കാരും സാംസ്കാരികവകുപ്പു മന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

നര്‍ത്തകനായ ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണനെ അമിത അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ചെന്ന നിലയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കലാഭവന്‍ മണിയുടെ സഹോദരനും കുന്നിശേരി പരേതനായ രാമന്റെ മകനുമാണ് ആര്‍.എല്‍.വി.രാമകൃഷ്ണന്‍. കേരള സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ച അധികൃതര്‍ ഇദ്ദേഹത്തോട് ജാതീയമായ വിവേചനം കാണിച്ചു എന്നാണ് ആരോപണം.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവന:

ദളിത് വിഭാഗത്തില്‍പെട്ട കലാപ്രതിഭ ആര്‍.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന പു.ക.സ. അംഗമായ കലാകാരനാണ് രാമകൃഷ്ണന്‍. അപമാനിതനായ ഈ പാവപ്പെട്ട കലാകാരന്റെ വേദനയും സങ്കടവും സര്‍ക്കാരിനെതിരെയല്ല, ചില അക്കാദമിഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെയാണ് എന്ന് മനസ്സിലാക്കുന്നു.
സര്‍ക്കാരും സാംസ്കാരികവകുപ്പു മന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-ബാലചന്ദ്രന്‍ ചുള്ളിക്കാട്