ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന പഞ്ചാബില്‍ നടന്ന വമ്പന്‍ ട്രാക്ടര്‍ റാലിയില്‍, മോദി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അംബാനിയുടെയും അദാനിയുടെയും പാവയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് അംബാനിയും അദാനിയുമാണ്. ഈ ബന്ധം വളരെ ലളിതമാണ്. മോദി അവര്‍ക്ക് ഭൂമി നല്‍കും. മാദ്ധ്യമങ്ങളിലൂടെ അവര്‍ തിരിച്ച് പിന്തുണയും നല്‍കും. കര്‍ഷകര്‍ക്ക് വേണ്ടിയാണ് പുതിയ നിയമങ്ങളെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എങ്കില്‍ ലോക്സഭയിലും രാജ്യസഭയിലും എന്തുകൊണ്ട് ചര്‍ച്ച നടത്തിയില്ല. ഈ നിയമങ്ങളില്‍ സംതൃപ്തരാണെങ്കില്‍ എന്തിനാണ് രാജ്യത്തുടനീളം കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.കഴിഞ്ഞ ആറു വര്‍ഷമായി പ്രധാനമന്ത്രി നുണ പറയുകയാണ്. താങ്ങുവിലയില്ലാതെ കര്ഷകന് അതിജീവിക്കാനാകുമോ. കര്‍ഷകരുടെ നട്ടെല്ല് തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍. ഭക്ഷ്യധാന്യ ശേഖരണവും താങ്ങുവിലയും ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കൊവിഡ് സാഹചര്യത്തിനിടെ കര്‍ഷക ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കേന്ദ്രത്തിന് എന്തിനായിരുന്നു ഈ ധൃതി. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്ക്ക് പോലും തയാറാകാതിരുന്നത് എന്തുകൊണ്ടാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മൂന്നു കാര്‍ഷിക നിയമങ്ങളും റദ്ദാക്കി ചവറ്റുകുട്ടയില്‍ തള്ളുമെന്നും രാഹുല്‍ പറഞ്ഞു.മോഗ ജില്ലയിലെ ബധിനിയില് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനും മറ്റു നേതാക്കള്‍ക്കുമൊപ്പം ട്രാക്ടറില്‍ കയറി രാഹുലും റാലിയില്‍ പങ്കെടുത്തു.